പ്ലസ് വൺ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം ഇന്ന് മുതൽ (ഒക്ടോബർ 7)



പ്ലസ് വൺ പ്രവേശനം രണ്ടാം ഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് ഒക്ടോബർ 7, 12, 16, 20, 21 തീയതികളിൽ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക്

26 മുതൽ  പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ പ്രവേശനം നടക്കുന്നതല്ല.

അപേക്ഷാർത്ഥികൾക്ക് http://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ ക്യാൻഡിഡേറ്റ് ലോഗിനിലെ സെക്കന്റ് അലോട്ട്‌മെന്റ് റിസൾട്ട് എന്ന ലിങ്കിൽ കയറി യൂസർ നെയിമും പാസ് വേഡും നൽകി അലോട്ട്മെൻ്റ് സ്ലിപ്പ് എടുക്കാം. പ്രവേശനത്തിന് വേണ്ട രേഖകളുടെ വിവരങ്ങൾ സ്ലിപ്പിൽ പറയുന്നുണ്ട്.  സ്ലിപ്പിൽ രക്ഷിതാവും കുട്ടിയും ഒപ്പിടണം. യോഗ്യത സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, ബോണസ് പോയൻ്റ് അവകാശപ്പെട്ട സർട്ടിഫിക്കറ്റ്, ടൈബ്രേക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്ക് സമയം അനുവദിക്കും. നീന്തൽ സർട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയതും പരിഗണിക്കും.

മുന്നോക്കക്കാരിൽ സാമ്പത്തിക സംവരണം അവകാശപ്പെട്ടവർ വില്ലേജാഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർദ്ദിഷ്ഠ മാതൃകയിൽ ഹാജരാക്കണം. ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിച്ചവർ മെഡിക്കൽ ബോർഡിൻ്റെ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ട് എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു യോഗ്യരായ കമ്യൂണിറ്റിക്കാർ (ഒ.ഇ.സി) വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജാതി, താമസം എന്നിവ തെളിയിക്കാൻ എസ്.എസ്.എൽ സി സർട്ടിഫിക്കറ്റ് മതി. ഇതിൽ നിന്ന് ഭിന്നമായതാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് തെളിയിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് റേഷൻ കാർഡ് എന്നിവ ഹാജരാക്കണം.

ഏകജാലകം, സ്പോർട്ട്സ്, കമ്മ്യൂണിറ്റി, മാനേജ്മെൻ്റ് എന്നീ ക്വാട്ടയിലെ പ്രവേശനങ്ങൾ ഒക്ടോബർ ഏഴ് മുതൽ നടക്കുന്നത് കൊണ്ട് അപേക്ഷാർത്ഥികൾ ഏറ്റവും ഇഷ്ടപ്പെട്ട കോഴ്സ്, സ്കൂൾ എന്നിവ തെരഞ്ഞടുത്ത് പ്രവേശനം നേടണം. ഒന്നിൽ പ്രവേശനം നേടിയാൽ ബാക്കി എല്ലാ അവസരങ്ങളും റദ്ദാകും. പിന്നീട് മാറ്റാൻ കഴിയുന്നതല്ല. ഏകജാലക പ്രവേശനത്തിലെ 21293 സീറ്റിൽ 21292 സീറ്റിലേക്കും അലോട്ട്മെൻ്റ് നൽകിയിട്ടുണ്ട്. ജനറൽ 12942, ഇ ടി ബി 992, മുസ്ലീം 9361, ക്രിസ്ത്യൻ ഒ ബി സി 30, ഹിന്ദു ഒ ബി സി 410, പട്ടികജാതി 3602, പട്ടികവർഗ്ഗം 76, ഇ.ഡബ്ലു.എസ് 1019, മറ്റുള്ളവ 200 എന്നീ ക്രമത്തിലാണ് കാറ്റഗറി തിരിച്ചുള്ള പ്രവേശന അലോട്ട്മെൻ്റ്.

മാനേജ്മെൻ്റ് / കമ്യൂണിറ്റി പ്രവേശനം പൂർത്തിയാകുന്നതോടെ നിലവിൽ ഏകജാലക പ്രക്രിയയിൽ കയറിയവർക്ക് ഇഷ്ടപ്പെട്ട കോമ്പിനേഷൻ, സ്കൂൾ എന്നിവയിലേക്ക് മാറ്റുകയും ഒഴിവ് വരുന്ന സീറ്റിൽ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് വരികയും ചെയ്യും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ലഭിക്കുമെന്നും ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം അറിയിച്ചു.