വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇനി ഓൺലൈനിൽ

 

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിലും ലഭ്യമാകും. പൊതുജനങ്ങൾക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെയും പദ്ധതികളെയും കുറിച്ചറിയാൻ ഇനി ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. ഒക്ടോബർ 1 മുതൽ 500 ൽ അധികം ഓൺലൈൻ സേവനങ്ങൾ കേരളത്തിലുള്ളവർക്കു ലഭ്യമാക്കിയ ‘ഇ-സേവനം’ എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിലൂടെ ഡയറക്ടറേറ്റിന്റെ നൂറു ശതമാനം സേവനങ്ങളും ഓൺലൈനായി ലഭ്യമാണ്. വ്യവസായ ഡയറക്ടറേറ്റ് നൽകുന്ന 13 സേവനങ്ങളും ഇപ്പോൾ ഓൺലൈൻ ആയിരിക്കുകയാണ്.


ഉത്പാദന മേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നല്കുന്ന സംരംഭക സഹായ പദ്ധതിയുടെയും (Entrepreneur Support Scheme), ചെറുകിട യൂണിറ്റുകൾക്ക് നൽകുന്ന മാർജിൻ മണി ഗ്രാൻഡ് പദ്ധതിയുടെയും (Scheme for Margin Money Grant to Nano Units), നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതിയുടെയും (Scheme for interest subvention to nano house hold enterprises) വിവരങ്ങൾ ഇതിൽ ലഭ്യമാണ്.


കൂടാതെ കോവിഡ് സാഹചര്യത്തിൽ പ്രഖ്യാപിച്ച വ്യവസായ ഭദ്രത പലിശയിളവ് പദ്ധതിയുടെയും, പ്രവർത്തനരഹിതമായ എം.എസ്.എം. ഇ യൂണിറ്റുകൾക്കുള്ള സഹായ പദ്ധതി (Revival and Rehabilitation Scheme for Defunct MSMEs and Cashew Processing Units)യുടെയും, തകർച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെയും (Kerala stressed MSME Revival and Rehabilitation Scheme) വിവരങ്ങൾ പോർട്ടലിൽ നൽകിയിട്ടുണ്ട്.


കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന ആശാപദ്ധതി (Assistance Scheme for Handicraft Artisans), നൈപുണ്യവികസന സൊസൈറ്റികൾക്കുള്ള സഹായം, വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനുള്ള സംരംഭകത്വ വികസന ക്ലബ്ബുകൾക്കുള്ള സഹായം, എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. ലൂബ്രിക്കേറ്റിംഗ് ഓയിൽ, ഗ്രീസ് എന്നിവ നിർമിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമുള്ള ലൈസൻസുകളും, അവയുടെ പുതുക്കലും, നിയന്ത്രിത അസംസ്‌കൃത വസ്തുക്കൾക്കുവേണ്ട എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് എന്നിവക്കും ഇതുവഴി അപേക്ഷിക്കാം. വെബ്‌സൈറ്റിന്റെ വിലാസം http://industry.kerala.gov.in.